Sunday, June 3

പ്രണയഭേദങ്ങള്‍


നിന്‍റെയും എന്‍റെയും മൌനത്തിന്‍റെ ചൂടില്‍
അടയിരുന്നടയിരുന്ന് വന്ധ്യമായിരിക്കുന്നു
ഒരൊറ്റ വാക്കിന്‍റെ വാചാലതയില്‍
കൊരുത്ത് വച്ച എന്‍റെ പ്രണയം 

പിറന്നു വീഴാനായുംപോഴെല്ലാം
പാകമായില്ലെന്നു തീര്‍പ്പാക്കി
കൊട്ടിയടക്കുന്ന ഗര്‍ഭ പാത്ര മുഖത്ത്
നീര് കെട്ടുന്ന ഒരൊറ്റ വാക്കിന്‍റെ നിസ്സഹായത 
 *********************** 
പ്രണയത്തി ന്‍റെ  കള്ളത്രാസ്സില്‍  
പകുത്തെടുക്കുമ്പോള്‍
നി ന്‍റെ  കണ്ണ് വെട്ടിച്ചു കവര്‍ന്ന
ഒരു കഴഞ്ച് വേദനയായിരുന്നെന്‍റെ പ്രണയം 
********************
തിരയിറങ്ങുമ്പോള്‍
കരയില്‍ മറന്നിട്ടൊരു
പിരിശങ്കില്‍  അടങ്ങാതെ കരയുന്ന
ഒരു തുണ്ട് കടലിന്‍റെ ഓര്‍മ്മകളായിരുന്നെന്‍റെ  പ്രണയം   
*******************
ഇണ ചേരുന്ന രണ്ടു മീനുകളിലോന്നിനെ
സുരതസുഖത്തിനും മുന്‍പേ
ഒറ്റിയെടുത്ത് പറന്നൊരു നീലപൊന്‍മാന്‍റെ
ഔചിത്യമില്ലാത്ത വിശപ്പായിരുന്നെന്‍റെ പ്രണയം 
*********************
ഇനി പറയുക ,
പ്രണയത്തിന്റെ മഴവില്ല് വരയ്ക്കുമ്പോള്‍
നിസ്സഹായതയെ ,വേദനകളെ 
നഷ്ടബോധങ്ങളെ ,സ്വാര്‍ത്ഥതയെ ,
ഏത് നിറങ്ങള്‍ കൊണ്ട് അടയാളപെടുത്തണം ???

(ചേര്‍ത്ത് വയ്ക്കാനാവാത്ത വൈരുധ്യമാണ് പ്രണയത്തിനെന്നു തോന്നിയത് കൊണ്ടാണ് വരികളെ പിടിച്ചു കെട്ടാതിരുന്നത്.......)


1 comment:

Satheesan OP said...

ഇണ ചേരുന്ന രണ്ടു മീനുകളിലോന്നിനെ
സുരതസുഖത്തിനും മുന്‍പേ
ഒറ്റിയെടുത്ത് പറന്നൊരു നീലപൊന്‍മാന്‍റെ
ഔചിത്യമില്ലാത്ത വിശപ്പായിരുന്നെന്‍റെ പ്രണയം
:)
ഇഷ്ടമായി .
എല്ലാ കവിതയും നന്നായിട്ടുണ്ട് ..
തുടര്‍ന്നെഴുതൂ ..എഴുതുമ്പോള്‍ ഒരു മെയില്‍ അയക്കൂ ..
ഭാവുകങ്ങള്‍ .