ആത്മഹത്യ ചെയ്തവ
ന്‍റെ പ്രേതം
പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍
നിങ്ങള്‍ കേട്ടുവോ....
കഴുത്തില്‍ കുരുങ്ങിപ്പോയ ഒരു നിലവിളിയുടെ
അര്‍ത്ഥമറിയാത്ത പതം പറച്ചിലുകള്‍
കണ്ടുവോ..
ചോരയുടെ ചുവപ്പിലെവിടെയെങ്കിലും
കുമിളപൊട്ടിയ ജീവ
ന്‍റെ തുടിപ്പുകളെ....
എനിക്കറിയാം കഴിയില്ലെന്ന്...
ഞരമ്പറുത്ത് ചോരവാര്‍ത്തുണക്കി ഹെര്‍ബേറിയമെന്നപോല്‍
ലാബില്‍ സൂക്ഷിച്ചഹൃദയത്തിന്‍റെ മടക്കില്‍
ചുവപ്പു ചുരത്തുന്ന ഒരു പനിനീര്‍ പൂവുണ്ട്....
മുറിച്ചെടുത്ത ശ്വാശകോസത്തിന്‍റെ അറകളിലെവിടെയോ
ഒരു ശ്വാസം ഒളിച്ചിരിപ്പുണ്ട്,പൂര്‍ത്തിയാകാത്ത ഒരു സ്വപ്നത്തിന്‍റെ
നിശ്വാസത്തിന്‍റെ ചുട് താങ്ങാനാവാതെ
ആമാശയത്തിന്‍റെ ഭിത്തികളില് വേവുതികയാത്ത ഒരു കൊതി
അജീര്‍ണ്ണം പിടിച്ച് ഗുമ്മന്‍ വിടുന്നുണ്ട്....
തൂങ്ങിമരിച്ചവന്‍റെ നിശ്വാസത്തേയും
വിഷം കഴിച്ചവന്‍റെ അരുചികളേയും
മുങ്ങിമരിച്ചവന്‍റെ ശ്വാസം മുട്ടലുകളേയും അടയാളപ്പെടുത്താതെ
ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എങ്ങനെ പൂര്ണ്ണമാകും...
No comments:
Post a Comment