അമ്മയെകുറിച്ച് ഒരു കവിതയെഴുതാന് തുടങ്ങിയതായിരുന്നു..നാലാമത്തെ വരിയിലെ ചോദ്യചിഹ്നം നെറ്റി ചുളിക്കുന്നതെന്നോടാണെന്ന് തിരിച്ചറിഞ്ഞപ്പോള് ,എനിക്കായ് നീക്കിവെച്ചത് വില്ലന് വേഷമാണെന്ന് ബോദ്ധ്യമായപ്പോള്,ഡയറിയിലെ താള് കീറിയെടുത്ത് മഴയിലേക്ക് ചുരുട്ടിയെറിഞ്ഞു.മഴയില് കുതിര്ന്ന അക്ഷരങ്ങളിലെ
മഷി ഊര്ന്നിറങ്ങി അനുനിമിഷം ആ ചോദ്യചിഹ്നം കനത്ത് തുടങ്ങി.......കടലാസിലെ ചുളിവുകള് നിവര്ത്തി നിവര്ന്ന് നിന്ന് വാക്കുകളും എന്നെ വെല്ലുവിളിച്ചു,,,
അല്ലെങ്കിലും വാക്കുകള് അങ്ങനെയാണ്.....എന്നോടവയ്ക്കൊട്ടും മമതയില്ല(മനോജേട്ടന് പറഞ്ഞതാണ് ശരി) കവിതയുടെ ചട്ടകൂട്ടിലേക്ക് പ്രാസമൊപ്പിച്ച് ചെത്തിമിനുക്കി നിരയായൊരുക്കി വച്ച വാക്കുകള് കണ്ണ് തെറ്റുന്ന
ഒരുനിമിഷം ഇറങ്ങിപോയ്കളയുന്നത് എന്റെ വാക്കുകള്ക്കൊന്നും ഗുരുത്വാകര്ഷണ ബലമില്ലാത്തതിനാലാവണം....
അല്ലെങ്കിലും വാക്കുകള് അങ്ങനെയാണ്.....എന്നോടവയ്ക്കൊട്ടും മമതയില്ല.......എനിക്ക് നിന്നിലേക്ക് ആര്ദ്രമായ ഒരു വാക്കിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ....പ്രണയം മൂര്ത്തമാകുന്ന വേളയില് നിന്നോട് പറയാന് സൂക്ഷിച്ച വാക്കിലെ ആര്ദ്രതയത്രയും വാര്ന്നുപോയപ്പോഴാണ് നിനക്കുമെനിക്കുമിടയില് ഔപചാരികതയുടെ വാക്കുകള് കിടങ്ങു തീര്ത്തത് ...ഇപ്പോള് ജീവിതം തന്നെ കുത്തിനിറച്ചിട്ടും നികത്തിയെടുക്കാനാവുന്നില്ല നമുക്കിടയിലെ ദൂരം......വറ്റി വരണ്ടുപോയ ഒരു വാക്ക് നമുക്കിടയിലിരുന്നു നമ്മളിപ്പോഴും രണ്ടു കരകളിലാണെന്നോര്മ്മപ്പെടുത്തുന്നു...
വാക്കുകളെല്ലാം പടിയിറങ്ങിപോയി...ഇനി ഞാന് തിരിച്ചുപോകട്ടെ.....വയലും തോടും പുഴയും നിറഞ്ഞിട്ടും നീയെന്താഡാ മീന് പിടിക്കാന് വരാത്തതെന്ന് പരിഭവിക്കുന്ന കൂട്ടുകാരോട് തണുക്കുന്നെന്ന് നുണ പറഞ്ഞ് മടുത്തു........പഴയ തുരുത്തിലേക്ക് തുഴയട്ടെ...ഒരല്പം കള്ള് മോന്തി ഊതി ചുവപ്പിക്കട്ടെ ഉള്ളില് ചാരമിട്ടുമൂടിയ കനലുകളെ......(ഇതൊരു യാത്രാമൊഴിയാണെന്ന് കരുതി ആരും ആശ്വസിക്കണ്ട....ഞാന് ചൂണ്ടയിടാന് പോവ്വാണ്....ഗുരുത്വാകര്ഷണ ബലമുള്ള വാക്കുക്ള് വല്ലതും കൊരുത്താലോ.....)...................
No comments:
Post a Comment