Sunday, June 3

പ്രവാസി


ഊര് മുരിഞ്ഞവന്‍റെ വേരുകളോട് 
നാട്ടിലേക്ക് ഞാനൊരു  വഴി ചോദിച്ചു
അത്തര്‍ പൂശി  പൊതിഞ്ഞു തന്നു 
മേല്‍വിലാസമെഴുതാത്ത സമ്മാനങ്ങള്‍ 

കളികൂട്ടുകാരിക്ക് ഒരു മയില്‍‌പീലി ,
മയില്‍‌പീലി കണ്ണ് 
ആകാശകരട് വീണു ചുവന്നിരുന്നു 
അമ്മക്ക് ഒരു പാക്കറ്റ് കല്ലുപ്പ് ..
ഓര്‍മ്മകള്‍ ഹൃദയത്തില്‍ വീഴ്ത്തിയ
കണ്ണീരു കുറുക്കിയെടുത്തത്
(കടങ്ങള്‍ കുളിരുമ്പോള്‍ 
മേനിവിയര്‍ക്കാന്‍ തരമില്ലല്ലോ)
അച്ഛന് ഒരു ജോണീവാക്കെര്‍ 
ഇരുട്ട് ചേക്കേറിയ സായാഹ്നത്തോളം
നടന്നു ചെല്ലാന്‍ കൂട്ടിനു ബാക്കിയായോ-
രൂന്നുവടി മാറ്റിവചൊരുനേരമുന്മാദിക്കാന്‍
പ്രണയിനിക്ക് ഒരു കറുത്ത  കണ്ണട
കാത്തിരിപ്പിന്റെ കണ്ണീരു മൂടി വെക്കാന്‍

>>>>>>>>>>>>>>>>>>>>



(മലയും പുഴയും വാക മരങ്ങളും ,
നീ പറഞ്ഞു തന്ന വഴിയടയാളങ്ങള്‍
വിരല്‍ ചൂണ്ടി തന്നില്ല വഴി
......മറന്നതാവണം  നിന്നെ )

No comments: