Sunday, June 3

ഉച്ചിയില്‍ നിന്ന്........


മഞ്ഞുറയുന്ന മലമുകളിലേക്ക് 
നമുക്കൊരു യാത്ര പോകാം
ഉച്ചിയിലെത്തുമ്പോള്‍
പുറപ്പെട്ടു പോന്ന ദൂരത്തേക്കു
വെറുതെയൊരു കല്ലെറിഞ്ഞ്‌
പ്രണയത്തിന്‍റെ ആഴമളക്കാം 
എന്‍റെ മിഴിദംശനങ്ങളെറ്റ്
ചുവന്നു പൂത്ത നിന്‍റെ നാണത്തെ 
സന്ധ്യക്കും;
നമുക്കിടയില്‍
ഇനിയും പെയ്തൊഴിയാത്ത പിണക്കങ്ങളെ
മഴമേഘങ്ങള്‍ക്കും
പകര്‍ന്നു നല്‍കാം
പലകുറി പറയാനോങ്ങിയ 
കറുത്ത വാക്കിലെ
അക്ഷരതെറ്റുകള്‍
ശൂന്യതയിലേക്ക് കാര്‍ക്കിച് തുപ്പാം
ഒരു പ്രതിദ്ധ്വനിപൊലും തിരിച്ചു വരാതിരിക്കാന്‍ 
നിശബ്ദമായ് .....
ഏച്ചുകെട്ടിയ അസ്വസ്ഥതകളെയെല്ലാം
അഴിച്ചെറിഞ്ഞ്
നമുക്ക് നഗ്നതയുടെ സ്വാതന്ത്ര്യം പുല്‍കാം
   അഹം ബോധങ്ങള്‍ പിന്നെയും -
   കെട്ടു പിണയുന്നുവെങ്കില്‍
   നിന്നെയും എന്നെയും
   നൂലുപൊട്ടിച്
   പട്ടങ്ങളായ് പറത്തിവിടാം

നമ്മള്‍ മഞ്ഞായുറയുമെന്ന്
നീ ഭയക്കുന്നതെന്തിന്
 പ്രണയത്തിന്റെ വേനലിലുരുകി
 നമുക്കൊന്നായ് കുത്തിയൊഴുകാം

വേരുകള്‍ പൊട്ടിച്ച u
 തടയണകള്‍ കവിഞ്ഞ്
 കടലിന്‍റെ ആഴങ്ങളിലേക്ക്
 നമുക്കൊന്നായ് കുത്തിയൊഴുകാം


No comments: