Tuesday, June 5

പ്രണയത്തിനൊരു സാക്ഷി

നിന്‍റെ പാദുകങ്ങള്‍ എനിക്ക് തരിക
നിന്നിലേക്ക് ഓരോതവണയും താണ്ടുന്ന
ദൂരങ്ങളെ കുറിക്കാന്‍ .....
പാതകളെ കുറിക്കാന്‍
നിന്‍റെ പാദുകങ്ങള്‍ എനിക്ക് തരിക


ആത്മരാഗത്തിന്‍റെ 
ചതുപ്പ് നിലങ്ങളില്‍ പുതഞ്ഞ്  മന്ദിച്ച്,
നിന്‍റെ പടിക്കീഴില്‍ കഴുകി വെളിപ്പി-
ച്ചശ്വവേഗമാര്‍ജ്ജിക്കുന്ന
എന്‍റെ-
പ്രണയപ്രവേഗങ്ങളെ കുറിക്കാന്‍
നിന്‍റെ പാദുകങ്ങള്‍ എനിക്ക് തരിക

നീയറിയാതെ നിന്നുടല്‍കാവുകളില്‍
മിഴികളാലിഴയവെ വിഷം തീണ്ടിയ
പ്രണയത്തിന്‍റെ നീലിച്ച ചുവടുകളെ കുറിക്കാന്‍
നിന്‍റെ പാദുകങ്ങള്‍ എനിക്ക് തരിക


തിരിച്ചിറങ്ങുമ്പോള്‍,
നിന്നിലേക്കെന്നെ ചേര്‍ത്തടിച്ചുറപ്പിച്ച
ആണികള്‍ ഊരിയെറിഞ്ഞതിന്‍റെ 
നോവടയാളങ്ങളെ കുറിക്കാന്‍
നിന്‍റെ പാദുകങ്ങള്‍ എനിക്ക് തരിക


     ( തേഞ്ഞ് തീരാറായ ഒരുവാക്കിന്‍റെ വാറ് പൊട്ടാത്ത മൌനം പലകുറി നിന്‍റെ പടിവാതിലോളം വന്നെത്തിനോക്കിയിട്ടുണ്ട്..... ഔപചാരികതയുടെ പേരില്‍ നിന്‍റെ പരവതാനിക്ക്
മുകളില്‍ ഊരിവെക്കാനിഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് ഞാന്‍ തിരിച്ചുപോകുന്നത്....... പാദുകപുറത്തൊട്ടി പിടിച്ച ഒരു പിടി മണ്ണില്‍ എന്‍റെ പ്രണയത്തിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങിയതിനാല്‍ എനിക്കീ പാദുകം 
ഉപേക്ഷിക്കാനാവില്ല............)